You are here

Recital Of Psalms

 • ദുഷ്ടന്മാരുടെ ആലോചനപ്രകാരം നടക്കാതെയും പാപികളുടെ വഴിയില്‍ നില്‍ക്കാതെയും പരിഹാസികളുടെ ഇരിപ്പിടത്തില്‍ ഇരിക്കാതെയും
 • യഹോവയുടെ ന്യായപ്രമാണത്തില്‍ സന്തോഷിച്ചു അവന്റെ ന്യായപ്രമാണത്തെ രാപ്പകല്‍ ധ്യാനിക്കുന്നവന്‍ ഭാഗ്യവാന്‍ .
 • അവന്‍, ആറ്റരികത്തു നട്ടിരിക്കുന്നതും തക്കകാലത്തു ഫലം കായ്ക്കുന്നതും ഇലവാടാത്തതുമായ വൃക്ഷംപോലെ ഇരിക്കും; അവന്‍ ചെയ്യുന്നതൊക്കെയും സാധിക്കും.
 • ദുഷ്ടന്മാര്‍ അങ്ങനെയല്ല; അവര്‍ കാറ്റു പാറ്റുന്ന പതിര്‍പോലെയത്രേ.
 • ആകയാല്‍ ദുഷ്ടന്മാര്‍ ന്യായവിസ്താരത്തിലും പാപികള്‍ നീതിമാന്മാരുടെ സഭയിലും നിവര്‍ന്നു നില്‍ക്കുകയില്ല.
 • യഹോവ നീതിമാന്മാരുടെ വഴി അറിയുന്നു; ദുഷ്ടന്മാരുടെ വഴിയോ നാശകരം ആകുന്നു.
 • ജാതികള്‍ കലഹിക്കുന്നതും വംശങ്ങള്‍ വ്യര്‍ത്ഥമായതു നിരൂപിക്കുന്നതും എന്തു?
 • യഹോവെക്കും അവന്റെ അഭിഷിക്തന്നും വിരോധമായി ഭൂമിയിലെ രാജാക്കന്മാര്‍ എഴുന്നേല്‍ക്കുയും അധിപതികള്‍ തമ്മില്‍ ആലോചിക്കയും ചെയ്യുന്നതു
 • നാം അവരുടെ കെട്ടുകളെ പൊട്ടിച്ചു അവരുടെ കയറുകളെ എറിഞ്ഞുകളക.
 • സ്വര്‍ഗ്ഗത്തില്‍ വസിക്കുന്നവന്‍ ചിരിക്കുന്നു; കര്‍ത്താവു അവരെ പരിഹസിക്കുന്നു.
 • അന്നു അവന്‍ കോപത്തോടെ അവരോടു അരുളിച്ചെയ്യും; ക്രോധത്തോടെ അവരെ ഭ്രമിപ്പിക്കും.
 • എന്റെ വിശുദ്ധപര്‍വ്വതമായ സീയോനില്‍ ഞാന്‍ എന്റെ രാജാവിനെ വാഴിച്ചിരിക്കുന്നു.
 • ഞാന്‍ ഒരു നിര്‍ണ്ണയം പ്രസ്താവിക്കുന്നുയഹോവ എന്നോടു അരുളിച്ചെയ്തതുനീ എന്റെ പുത്രന്‍ ; ഇന്നു ഞാന്‍ നിന്നെ ജനിപ്പിച്ചിരിക്കുന്നു.
 • എന്നോടു ചോദിച്ചുകൊള്‍ക; ഞാന്‍ നിനക്കു ജാതികളെ അവകാശമായും ഭൂമിയുടെ അറ്റങ്ങളെ കൈവശമായും തരും;
 • ഇരിമ്പുകോല്‍കൊണ്ടു നീ അവരെ തകര്‍ക്കും; കുശവന്റെ പാത്രംപോലെ അവരെ ഉടെക്കും.
 • ആകയാല്‍ രാജാക്കന്മാരേ, ബുദ്ധി പഠിപ്പിന്‍ ; ഭൂമിയിലെ ന്യായാധിപന്മാരേ, ഉപദേശം കൈക്കൊള്‍വിന്‍ .
 • ഭയത്തോടെ യഹോവയെ സേവിപ്പിന്‍ ; വിറയലോടെ ഘോഷിച്ചുല്ലസിപ്പിന്‍ .
 • അവന്‍ കോപിച്ചിട്ടു നിങ്ങള്‍ വഴിയില്‍വെച്ചു നശിക്കാതിരിപ്പാന്‍ പുത്രനെ ചുംബിപ്പിന്‍ . അവന്റെ കോപം ക്ഷണത്തില്‍ ജ്വലിക്കും; അവനെ ശരണം പ്രാപിക്കുന്നവരൊക്കെയും ഭാഗ്യവാന്മാര്‍.
 • യഹോവേ, എന്റെ വൈരികള്‍ എത്ര പെരുകിയിരിക്കുന്നു! എന്നോടു എതിര്‍ക്കുംന്നവര്‍ അനേകര്‍ ആകുന്നു.
 • അവന്നു ദൈവത്തിങ്കല്‍ രക്ഷയില്ല എന്നു എന്നെക്കുറിച്ചു പലരും പറയുന്നു. സേലാ.
 • നീയോ യഹോവേ, എനിക്കു ചുറ്റും പരിചയും എന്റെ മഹത്വവും എന്റെ തല ഉയര്‍ത്തുന്നവനും ആകുന്നു.
 • ഞാന്‍ യഹോവയോടു ഉച്ചത്തില്‍ നിലവിളിക്കുന്നു; അവന്‍ തന്റെ വിശുദ്ധപര്‍വ്വതത്തില്‍നിന്നു ഉത്തരം അരുളുകയും ചെയ്യുന്നു. സേലാ.
 • ഞാന്‍ കിടന്നുറങ്ങി; യഹോവ എന്നെ താങ്ങുകയാല്‍ ഉണര്‍ന്നുമിരിക്കുന്നു.
 • എനിക്കു വിരോധമായി ചുറ്റും പാളയമിറങ്ങിയിരിക്കുന്ന ആയിരം ആയിരം ജനങ്ങളെ ഞാന്‍ ഭയപ്പെടുകയില്ല.
 • യഹോവേ, എഴുന്നേല്‍ക്കേണമേ; എന്റെ ദൈവമേ, എന്നെ രക്ഷിക്കേണമേ. നീ എന്റെ ശത്രുക്കളെ ഒക്കെയും ചെകിട്ടത്തടിച്ചു; നീ ദുഷ്ടന്മാരുടെ പല്ലു തകര്‍ത്തുകളഞ്ഞു.
 • രക്ഷ യഹോവെക്കുള്ളതാകുന്നു; നിന്റെ അനുഗ്രഹം നിന്റെ ജനത്തിന്മേല്‍ വരുമാറാകട്ടെ. സേലാ.
 • എന്റെ നീതിയായ ദൈവമേ, ഞാന്‍ വിളിക്കുമ്പോള്‍ ഉത്തരമരുളേണമേ; ഞാന്‍ ഞെരുക്കത്തില്‍ ഇരുന്നപ്പോള്‍ നീ എനിക്കു വിശാലത വരുത്തി; എന്നോടു കൃപതോന്നി എന്റെ പ്രാര്‍ത്ഥന കേള്‍ക്കേണമേ.
 • പുരുഷന്മാരേ, നിങ്ങള്‍ എത്രത്തോളം എന്റെ മാനത്തെ നിന്ദയാക്കി മായയെ ഇച്ഛിച്ചു വ്യാജത്തെ അന്വേഷിക്കും? സേലാ.
 • യഹോവ ഭക്തനെ തനിക്കു വേറുതിരിച്ചിരിക്കുന്നു എന്നറിവിന്‍ ; ഞാന്‍ യഹോവയെ വിളിച്ചപേക്ഷിക്കുമ്പോള്‍ അവന്‍ കേള്‍ക്കും.
 • നടുങ്ങുവിന്‍ ; പാപം ചെയ്യാതിരിപ്പിന്‍ ; നിങ്ങളുടെ കിടക്കമേല്‍ ഹൃദയത്തില്‍ ധ്യാനിച്ചു മൌനമായിരിപ്പിന്‍ . സേലാ.
 • നീതിയാഗങ്ങളെ അര്‍പ്പിപ്പിന്‍ ; യഹോവയില്‍ ആശ്രയം വെപ്പിന്‍ .
 • നമുക്കു ആര്‍ നന്മ കാണിക്കും എന്നു പലരും പറയുന്നു; യഹോവേ, നിന്റെ മുഖപ്രകാശം ഞങ്ങളുടെ മേല്‍ ഉദിപ്പിക്കേണമേ.
 • ധാന്യവും വീഞ്ഞും വര്‍ദ്ധിച്ചപ്പോള്‍ അവര്‍ക്കുണ്ടായതിലും അധികം സന്തോഷം നീ എന്റെ ഹൃദയത്തില്‍ നല്കിയിരിക്കുന്നു.
 • ഞാന്‍ സമാധാനത്തോടെ കിടന്നുറങ്ങും; നീയല്ലോ യഹോവേ, എന്നെ നിര്‍ഭയം വസിക്കുമാറാക്കുന്നതു.
 • യഹോവേ, എന്റെ വാക്കുകള്‍ക്കു ചെവി തരേണമേ; എന്റെ ധ്യാനത്തെ ശ്രദ്ധിക്കേണമേ;
 • എന്റെ രാജാവും എന്റെ ദൈവവുമായുള്ളോവേ, എന്റെ സങ്കടയാചന കേള്‍ക്കേണമേ; നിന്നോടല്ലോ ഞാന്‍ പ്രാര്‍ത്ഥിക്കുന്നതു.
 • യഹോവേ, രാവിലെ എന്റെ പ്രാര്‍ത്ഥന കേള്‍ക്കേണമേ; രാവിലെ ഞാന്‍ നിനക്കായി ഒരുക്കി കാത്തിരിക്കുന്നു.
 • നീ ദുഷ്ടതയില്‍ പ്രസാദിക്കുന്ന ദൈവമല്ല; ദുഷ്ടന്‍ നിന്നോടുകൂടെ പാര്‍ക്കയില്ല.
 • അഹങ്കാരികള്‍ നിന്റെ സന്നിധിയില്‍ നില്‍ക്കയില്ല; നീതികേടു പ്രവര്‍ത്തിക്കുന്നവരെയൊക്കെയും നീ പകെക്കുന്നു.
 • ഭോഷ്ക്കുപറയുന്നവരെ നീ നശിപ്പിക്കും; രക്തപാതകവും ചതിവുമുള്ളവന്‍ യഹോവെക്കു അറെപ്പാകുന്നു;
 • ഞാനോ, നിന്റെ കൃപയുടെ ബഹുത്വത്താല്‍ നിന്റെ ആലയത്തിലേക്കു ചെന്നു നിന്റെ വിശുദ്ധമന്ദിരത്തിന്നു നേരെ നിങ്കലുള്ള ഭക്തിയോടെ ആരാധിക്കും.
 • യഹോവേ, എന്റെ ശത്രുക്കള്‍നിമിത്തം നിന്റെ നീതിയാല്‍ എന്നെ നടത്തേണമേ; എന്റെ മുമ്പില്‍ നിന്റെ വഴിയെ നിരപ്പാക്കേണമേ.
 • അവരുടെ വായില്‍ ഒട്ടും നേരില്ല; അവരുടെ അന്തരംഗം നാശകൂപം തന്നേ; അവരുടെ തൊണ്ട തുറന്ന ശവക്കുഴിയാകുന്നു; നാവുകൊണ്ടു അവര്‍ മധുരവാക്കു പറയുന്നു.
 • ദൈവമേ അവരെ കുറ്റംവിധിക്കേണമേ; തങ്ങളുടെ ആലോചനകളാല്‍ തന്നേ അവര്‍ വീഴട്ടെ; അവരുടെ അതിക്രമങ്ങളുടെ ബഹുത്വംനിമിത്തം അവരെ തള്ളിക്കളയേണമേ; നിന്നോടല്ലോ അവര്‍ മത്സരിച്ചിരിക്കുന്നതു.
 • എന്നാല്‍ നിന്നെ ശരണംപ്രാപിക്കുന്നവരെല്ലാവരും സന്തോഷിക്കും; നീ അവരെ പാലിക്കുന്നതുകൊണ്ടു അവര്‍ എപ്പോഴും ആനന്ദിച്ചാര്‍ക്കും; നിന്റെ നാമത്തെ സ്നേഹിക്കുന്നവര്‍ നിന്നില്‍ ഉല്ലസിക്കും;
 • യഹോവേ, നീ നീതിമാനെ അനുഗ്രഹിക്കും; പരിചകൊണ്ടെന്നപോലെ നീ ദയകൊണ്ടു അവനെ മറെക്കും;
 • യഹോവേ, നിന്റെ കോപത്തില്‍ എന്നെ ശിക്ഷിക്കരുതേ; നിന്റെ ക്രോധത്തില്‍ എന്നെ ദണ്ഡിപ്പിക്കരുതേ
 • യഹോവേ, ഞാന്‍ തളര്‍ന്നിരിക്കുന്നു; എന്നോടു കരുണയുണ്ടാകേണമേ; യഹോവേ, എന്റെ അസ്ഥികള്‍ ഭ്രമിച്ചിരിക്കുന്നു. എന്നെ സൌഖ്യമാക്കേണമേ.
 • എന്റെ പ്രാണനും അത്യന്തം ഭ്രമിച്ചിരിക്കുന്നു; നീയോ, യഹോവേ, എത്രത്തോളം?
 • യഹോവേ, തിരിഞ്ഞു എന്റെ പ്രാണനെ വിടുവിക്കേണമേ. നിന്റെ കാരുണ്യം നിമിത്തം എന്നെ രക്ഷിക്കേണമേ.
 • മരണത്തില്‍ നിന്നെക്കുറിച്ചു ഓര്‍മ്മയില്ലല്ലോ; പാതാളത്തില്‍ ആര്‍ നിനക്കു സ്തോത്രം ചെയ്യും?
 • എന്റെ ഞരക്കംകൊണ്ടു ഞാന്‍ തകര്‍ന്നിരിക്കുന്നു; രാത്രിമുഴുവനും എന്റെ കിടക്കയെ ഒഴുക്കുന്നു; കണ്ണുനീര്‍കൊണ്ടു ഞാന്‍ എന്റെ കട്ടിലിനെ നനെക്കുന്നു.
 • ദുഃഖംകൊണ്ടു എന്റെ കണ്ണു കുഴിഞ്ഞിരിക്കുന്നു; എന്റെ സകലവൈരികളും ഹേതുവായി ക്ഷീണിച്ചുമിരിക്കുന്നു.
 • നീതികേടു പ്രവര്‍ത്തിക്കുന്ന ഏവരുമേ എന്നെ വിട്ടുപോകുവിന്‍ ; യഹോവ എന്റെ കരച്ചലിന്റെ ശബ്ദം കേട്ടിരിക്കുന്നു.
 • യഹോവ എന്റെ അപേക്ഷ കേട്ടിരിക്കുന്നു; യഹോവ എന്റെ പ്രാര്‍ത്ഥന കൈക്കൊള്ളും.
 • എന്റെ ശത്രുക്കള്‍ എല്ലാവരും ലജ്ജിച്ചു ഭ്രമിക്കും; അവര്‍ പിന്തിരിഞ്ഞു പെട്ടെന്നു നാണിച്ചു പോകും.
 • എന്റെ ദൈവമായ യഹോവേ, നിന്നെ ഞാന്‍ ശരണം പ്രാപിക്കുന്നു; എന്നെ വേട്ടയാടുന്ന എല്ലാവരുടെയും കയ്യില്‍ നിന്നു എന്നെ രക്ഷിച്ചു വിടുവിക്കേണമേ.
 • അവന്‍ സിംഹം എന്നപോലെ എന്നെ കീറിക്കളയരുതേ; വിടുവിപ്പാന്‍ ആരുമില്ലാതിരിക്കുമ്പോള്‍ എന്നെ ചീന്തിക്കളയരുതേ.
 • എന്റെ ദൈവമായ യഹോവേ, ഞാന്‍ ഇതു ചെയ്തിട്ടുണ്ടെങ്കില്‍, എന്റെ പക്കല്‍ നീതികേടുണ്ടെങ്കില്‍,
 • എനിക്കു ബന്ധുവായിരുന്നവനോടു ഞാന്‍ ദോഷം ചെയ്തിട്ടുണ്ടെങ്കില്‍, - ഹേതുകൂടാതെ എനിക്കു വൈരിയായിരുന്നവനെ ഞാന്‍ വിടുവിച്ചുവല്ലോ -
 • ശത്രു എന്റെ പ്രാണനെ പിന്തുടര്‍ന്നു പിടിക്കട്ടെ; അവന്‍ എന്റെ ജീവനെ നിലത്തിട്ടു ചവിട്ടട്ടെ; എന്റെ മാനത്തെ പൂഴിയില്‍ തള്ളിയിടട്ടെ. സേലാ.
 • യഹോവേ, കോപത്തോടെ എഴുന്നേല്‍ക്കേണമേ; എന്റെ വൈരികളുടെ ക്രോധത്തോടു എതിര്‍ത്തുനില്‍ക്കേണമേ; എനിക്കു വേണ്ടി ഉണരേണമേ; നീ ന്യായവിധി കല്പിച്ചുവല്ലോ.
 • ജാതികളുടെ സംഘം നിന്നെ ചുറ്റിനില്‍ക്കട്ടെ; നീ അവര്‍ക്കും മീതെ കൂടി ഉയരത്തിലേക്കു മടങ്ങേണമേ.
 • യഹോവ ജാതികളെ ന്യായംവിധിക്കുന്നു; യഹോവേ, എന്റെ നീതിക്കും പരമാര്‍ത്ഥതെക്കും തക്കവണ്ണം എന്നെ വിധിക്കേണമേ;
 • ദുഷ്ടന്റെ ദുഷ്ടത തീര്‍ന്നുപോകട്ടെ; നീതിമാനെ നീ ഉറപ്പിക്കേണമേ. നീതിമാനായ ദൈവം ഹൃദയങ്ങളെയും അന്തരിന്ദ്രിയങ്ങളെയും ശോധനചെയ്യുന്നുവല്ലോ.
 • എന്റെ പരിച ദൈവത്തിന്റെ പക്കല്‍ ഉണ്ടു; അവന്‍ ഹൃദയപരമാര്‍ത്ഥികളെ രക്ഷിക്കുന്നു.
 • ദൈവം നീതിയുള്ള ന്യായാധിപതിയാകുന്നു; ദൈവം ദിവസംപ്രതി കോപിക്കുന്നു.
 • മനം തിരിയുന്നില്ലെങ്കില്‍ അവന്‍ തന്റെ വാളിന്നു മൂര്‍ച്ചകൂട്ടും; അവന്‍ തന്റെ വില്ലു കുലെച്ചു ഒരുക്കിയിരിക്കുന്നു.
 • അവന്‍ മരണാസ്ത്രങ്ങളെ അവന്റെ നേരെ തൊടുത്തു. തന്റെ ശരങ്ങളെ തീയമ്പുകളാക്കി തീര്‍ത്തിരിക്കുന്നു.
 • ഇതാ, അവന്നു നീതികേടിനെ നോവു കിട്ടുന്നു; അവന്‍ കഷ്ടത്തെ ഗര്‍ഭം ധരിച്ചു വഞ്ചനയെ പ്രസവിക്കുന്നു.
 • അവന്‍ ഒരു കുഴി കുഴിച്ചുണ്ടാക്കി, കുഴിച്ച കുഴിയില്‍ താന്‍ തന്നേ വീണു.
 • അവന്റെ വേണ്ടാതനം അവന്റെ തലയിലേക്കു തിരിയും; അവന്റെ ബലാല്‍ക്കാരം അവന്റെ നെറുകയില്‍ തന്നേ വീഴും.
 • ഞാന്‍ യഹോവയെ അവന്റെ നീതിക്കു തക്കവണ്ണം സ്തുതിക്കും; അത്യുന്നതനായ യഹോവയുടെ നാമത്തിന്നു സ്തോത്രം പാടും.
 • ഞങ്ങളുടെ കര്‍ത്താവായ യഹോവേ, നിന്റെ നാമം ഭൂമിയിലൊക്കെയും എത്ര ശ്രേഷ്ഠമായിരിക്കുന്നു! നീ ആകാശത്തില്‍ നിന്റെ തേജസ്സു വെച്ചിരിക്കുന്നു.
 • നിന്റെ വൈരികള്‍നിമിത്തം, ശത്രുവിനെയും പകയനെയും മിണ്ടാതാക്കുവാന്‍ തന്നേ, നീ ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും വായില്‍നിന്നു ബലം നിയമിച്ചിരിക്കുന്നു.
 • നിന്റെ വിരലുകളുടെ പണിയായ ആകാശത്തെയും നീ ഉണ്ടാക്കിയ ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കുമ്പോള്‍,
 • മര്‍ത്യനെ നീ ഓര്‍ക്കേണ്ടതിന്നു അവന്‍ എന്തു? മനുഷ്യപുത്രനെ സന്ദര്‍ശിക്കേണ്ടതിന്നു അവന്‍ എന്തുമാത്രം?
 • നീ അവനെ ദൈവത്തെക്കാള്‍ അല്പം മാത്രം താഴ്ത്തി, തേജസ്സും ബഹുമാനവും അവനെ അണിയിച്ചിരിക്കുന്നു.
 • നിന്റെ കൈകളുടെ പ്രവൃത്തികള്‍ക്കു നീ അവനെ അധിപതിയാക്കി, സകലത്തെയും അവന്റെ കാല്‍കീഴെയാക്കിയിരിക്കുന്നു;
 • ആടുകളെയും കാളകളെയും എല്ലാം കാട്ടിലെ മൃഗങ്ങളെയൊക്കെയും
 • ആകാശത്തിലെ പക്ഷികളെയും സമുദ്രത്തിലെ മത്സ്യങ്ങളെയും സമുദ്രമാര്‍ഗ്ഗങ്ങളില്‍ സഞ്ചരിക്കുന്ന സകലത്തെയും തന്നേ.
 • ഞങ്ങളുടെ കര്‍ത്താവായ യഹോവേ, നിന്റെ നാമം ഭൂമിയിലൊക്കെയും എത്ര ശ്രേഷ്ഠമായിരിക്കുന്നു!
 • ഞാന്‍ പൂര്‍ണ്ണഹൃദയത്തോടെ യഹോവയെ സ്തുതിക്കും; നിന്റെ അത്ഭുതങ്ങളെ ഒക്കെയും ഞാന്‍ വര്‍ണ്ണിക്കും.
 • ഞാന്‍ നിന്നില്‍ സന്തോഷിച്ചുല്ലസിക്കും; അത്യുന്നതനായുള്ളോവേ, ഞാന്‍ നിന്റെ നാമത്തെ കീര്‍ത്തിക്കും.
 • എന്റെ ശത്രുക്കള്‍ പിന്‍ വാങ്ങുകയില്‍ ഇടറിവീണു, നിന്റെ സന്നിധിയില്‍ നശിച്ചുപോകും.
 • നീ എന്റെ കാര്യവും വ്യവഹാരവും നടത്തിയിരിക്കുന്നു; നീ നീതിയോടെ വിധിച്ചുകൊണ്ടു സിംഹാസനത്തില്‍ ഇരിക്കുന്നു;
 • നീ ജാതികളെ ശാസിച്ചു ദുഷ്ടനെ നശിപ്പിച്ചു; അവരുടെ നാമത്തെ നീ സദാകാലത്തേക്കും മായിച്ചുകളഞ്ഞു.
 • ശത്രുക്കള്‍ മുടിഞ്ഞു സദാകാലത്തേക്കും നശിച്ചിരിക്കുന്നു; അവരുടെ പട്ടണങ്ങളെയും നീ മറിച്ചുകളഞ്ഞിരിക്കുന്നു; അവയുടെ ഓര്‍മ്മകൂടെ ഇല്ലാതെയായിരിക്കുന്നു.
 • എന്നാല്‍ യഹോവ എന്നേക്കും വാഴുന്നു; ന്യായവിധിക്കു അവന്‍ സിംഹാസനം ഒരുക്കിയിരിക്കുന്നു.
 • അവന്‍ ലോകത്തെ നീതിയോടെ വിധിക്കും; ജാതികള്‍ക്കു നേരോടെ ന്യായപാലനം ചെയ്യും.
 • യഹോവ പീഡിതന്നു ഒരു അഭയസ്ഥാനം; കഷ്ടകാലത്തു ഒരഭയസ്ഥാനം തന്നേ.
 • നിന്റെ നാമത്തെ അറിയുന്നവര്‍ നിങ്കല്‍ ആശ്രയിക്കും; യഹോവേ, നിന്നെ അന്വേഷിക്കുന്നവരെ നീ ഉപേക്ഷിക്കുന്നില്ലല്ലോ.
 • സീയോനില്‍ വസിക്കുന്ന യഹോവേക്കു സ്തോത്രം പാടുവിന്‍ ; അവന്റെ പ്രവൃത്തികളെ ജാതികളുടെ ഇടയില്‍ ഘോഷിപ്പിന്‍ .
 • രക്തപാതകത്തിന്നു പ്രതികാരം ചെയ്യുന്നവന്‍ അവരെ ഓര്‍ക്കുന്നു; എളിയവരുടെ നിലവിളിയെ അവന്‍ മറക്കുന്നതുമില്ല.
 • യഹോവേ, എന്നോടു കരുണയുണ്ടാകേണമേ; മരണവാതിലുകളില്‍നിന്നു എന്നെ ഉദ്ധരിക്കുന്നവനേ, എന്നെ പകെക്കുന്നവരാല്‍ എനിക്കു നേരിടുന്ന കഷ്ടം നോക്കേണമേ.
 • ഞാന്‍ സീയോന്‍പുത്രിയുടെ പടിവാതിലുകളില്‍ നിന്റെ സ്തുതിയെ ഒക്കെയും പ്രസ്താവിച്ചു നിന്റെ രക്ഷയില്‍ സന്തോഷിക്കേണ്ടതിന്നു തന്നേ.
 • ജാതികള്‍ തങ്ങള്‍ ഉണ്ടാക്കിയ കുഴിയില്‍ താണു പോയി; അവര്‍ ഒളിച്ചുവെച്ച വലയില്‍ അവരുടെ കാല്‍ തന്നേ അകപ്പെട്ടിരിക്കുന്നു.
 • യഹോവ തന്നെത്താന്‍ വെളിപ്പെടുത്തി ന്യായവിധി നടത്തിയിരിക്കുന്നു; ദുഷ്ടന്‍ സ്വന്തകൈകളുടെ പ്രവൃത്തിയില്‍ കുടുങ്ങിയിരിക്കുന്നു. തന്ത്രിനാദം. സേലാ.
 • ദുഷ്ടന്മാരും ദൈവത്തെ മറക്കുന്ന സകലജാതികളും പാതാളത്തിലേക്കു തിരിയും.
 • ദരിദ്രനെ എന്നേക്കും മറന്നു പോകയില്ല; സാധുക്കളുടെ പ്രത്യാശെക്കു എന്നും ഭംഗം വരികയുമില്ല.
 • യഹോവേ, എഴുന്നേല്‍ക്കേണമേ, മര്‍ത്യന്‍ പ്രബലനാകരുതേ; ജാതികള്‍ നിന്റെ സന്നിധിയില്‍ വിധിക്കപ്പെടുമാറാകട്ടെ.
 • യഹോവേ, തങ്ങള്‍ മര്‍ത്യരത്രേ എന്നു ജാതികള്‍ അറിയേണ്ടതിന്നു അവര്‍ക്കും ഭയം വരുത്തേണമേ. സേലാ.
 • യഹോവേ, നീ ദൂരത്തു നില്‍ക്കുന്നതെന്തു? കഷ്ടകാലത്തു നീ മറഞ്ഞുകളയുന്നതുമെന്തു?
 • ദുഷ്ടന്റെ അഹങ്കാരത്താല്‍ എളിയവന്‍ തപിക്കുന്നു; അവര്‍ നിരൂപിച്ച ഉപായങ്ങളില്‍ അവര്‍ തന്നേ പിടിപെടട്ടെ.
 • ദുഷ്ടന്‍ തന്റെ മനോരഥത്തില്‍ പ്രശംസിക്കുന്നു; ദുരാഗ്രഹി യഹോവയെ ത്യജിച്ചു നിന്ദിക്കുന്നു.
 • ദുഷ്ടന്‍ ഉന്നതഭാവത്തോടെഅവന്‍ ചോദിക്കയില്ല എന്നു പറയുന്നു; ദൈവം ഇല്ല എന്നാകുന്നു അവന്റെ നിരൂപണം ഒക്കെയും.
 • അവന്റെ വഴികള്‍ എല്ലായ്പോഴും സഫലമാകുന്നു; നിന്റെ ന്യായവിധികള്‍ അവന്‍ കാണാതവണ്ണം ഉയരമുള്ളവ; തന്റെ സകലശത്രുക്കളോടും അവന്‍ ചീറുന്നു.
 • ഞാന്‍ കുലുങ്ങുകയില്ല, ഒരുനാളും അനര്‍ത്ഥത്തില്‍ വീഴുകയുമില്ല എന്നു അവന്‍ തന്റെ ഹൃദയത്തില്‍ പറയുന്നു.
 • അവന്റെ വായില്‍ ശാപവും വ്യാജവും സാഹസവും നിറഞ്ഞിരിക്കുന്നു; അവന്റെ നാവിന്‍ കീഴില്‍ ദോഷവും അതിക്രമവും ഇരിക്കുന്നു.
 • അവന്‍ ഗ്രാമങ്ങളുടെ ഒളിവുകളില്‍ പതിയിരിക്കുന്നു; മറവിടങ്ങളില്‍വെച്ചു അവന്‍ കുറ്റമില്ലാത്തവനെ കൊല്ലുന്നു; അവന്‍ രഹസ്യമായി അഗതിയുടെമേല്‍ കണ്ണു വെച്ചിരിക്കുന്നു.
 • സിംഹം മുറ്റുകാട്ടില്‍ എന്നപോലെ അവന്‍ മറവിടത്തില്‍ പതുങ്ങുന്നു; എളിയവനെ പിടിപ്പാന്‍ അവന്‍ പതിയിരിക്കുന്നു; എളിയവനെ തന്റെ വലയില്‍ ചാടിച്ചു പിടിക്കുന്നു.
 • അവന്‍ കുനിഞ്ഞു പതുങ്ങിക്കിടക്കുന്നു; അഗതികള്‍ അവന്റെ ബലത്താല്‍ വീണു പോകുന്നു.
 • ദൈവം മറന്നിരിക്കുന്നു, അവന്‍ തന്റെ മുഖം മറെച്ചിരിക്കുന്നു; അവന്‍ ഒരുനാളും കാണുകയില്ല എന്നു അവന്‍ ഹൃദയത്തില്‍ പറയുന്നു.
 • യഹോവേ, എഴുന്നേല്‍ക്കേണമേ, ദൈവമേ, തൃക്കൈ ഉയര്‍ത്തേണമേ; എളിയവരെ മറക്കരുതേ.
 • ദുഷ്ടന്‍ ദൈവത്തെ നിന്ദിക്കുന്നതും നീ ചോദിക്കയില്ല എന്നു തന്റെ ഉള്ളില്‍ പറയുന്നതും എന്തിന്നു?
 • നീ അതു കണ്ടിരിക്കുന്നു, തൃക്കൈകൊണ്ടു പകരം ചെയ്‍വാന്‍ ദോഷത്തെയും പകയെയും നീ നോക്കിക്കണ്ടിരിക്കുന്നു; അഗതി തന്നെത്താന്‍ നിങ്കല്‍ ഏല്പിക്കുന്നു; അനാഥന്നു നീ സഹായി ആകുന്നു.
 • ദുഷ്ടന്റെ ഭുജത്തെ നീ ഒടിക്കേണമേ; ദോഷിയുടെ ദുഷ്ടത ഇല്ലാതെയാകുവോളം അതിന്നു പ്രതികാരം ചെയ്യേണമേ.
 • യഹോവ എന്നെന്നേക്കും രാജാവാകുന്നു; ജാതികള്‍ അവന്റെ ദേശത്തുനിന്നു നശിച്ചു പോയിരിക്കുന്നു.
 • ഭൂമിയില്‍നിന്നുള്ള മര്‍ത്യന്‍ ഇനി ഭയപ്പെടുത്താതിരിപ്പാന്‍ നീ അനാഥന്നും പീഡിതന്നും ന്യായപാലനം ചെയ്യേണ്ടതിന്നു
 • യഹോവേ, നീ സാധുക്കളുടെ അപേക്ഷ കേട്ടിരിക്കുന്നു; അവരുടെ ഹൃദയത്തെ നീ ഉറപ്പിക്കയും നിന്റെ ചെവി ചായിച്ചു കേള്‍ക്കയും ചെയ്യുന്നു.

Pages

Powered by SaberCloud Solutions LLC.